കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനിയായ ദുര്‍ഗ കാമി മരിച്ചു. 22വയസ്സായിരുന്നു. ഡിസംബർ 22നായിരുന്നു ഹൃദയം മാറ്റിവയ്ക്കൽ. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാല്‍ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്. രാജ്യത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കൂടിയായിരുന്നു ദുര്‍ഗയുടേത്.
അപൂർവ ജനിതകരോഗം ബാധിച്ച ദുർഗ കാമിക്ക് ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയായി ഡോക്ടർമാർ നിർദേശിച്ചത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഇപ്പോള്‍ ഒരു അനുജന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അനാഥാലയത്തിലായിരുന്നു ഈ പെണ്‍കുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. വന്‍ ചികിത്സാ ചെലവ് കാരണമാണ് അവര്‍ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. അനുയോജ്യമായ ഹൃദയം ലഭിച്ചെങ്കിലും അയവയദാനത്തിൽ രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകണമെന്ന കേന്ദ്രനിയമം തടസമായി. പ്രതീക്ഷകൾ അസ്തമിക്കുന്നു എന്നായപ്പോൾ ദുർഗ ഹൈക്കോടതിയെ സമീപിച്ചു. പെൺകുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയ ഹൈക്കോടതി അടിയന്തര ചികിത്സയ്ക്ക് നിർദേശിച്ചു. സംസ്ഥാന സർക്കാർ എല്ലാ സഹായവുമായി ഒപ്പംനിന്നു.
ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായ ഉടൻ അതിവേഗത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചു. ജില്ലാജനറൽ ആശുപത്രിയിൽ എത്തിയ ഘട്ടംമുതൽ പൂർണമായും ചികിത്സ സൗജന്യമായിരുന്നു. ഹൃദയംമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തിയതും സൗജന്യമായാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനാവശ്യമായ നിർദേശങ്ങൾ നൽകി.