കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ആ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല.
നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച. ഈ സമയം ലഭിച്ചത് വിചിത്രമായ കണക്കായിരുന്നു. ലഭിച്ചതെന്നും ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.വിഷയത്തില്‍ പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഓഫീസ് നിര്‍മാണ ഫണ്ടിലും 70 ലക്ഷം രൂപയുടെ തിരിമറി ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നു. വ്യാജ രസീത് ഉണ്ടാക്കി തട്ടിപ്പ് നടത്തി. ഈ വിഷയങ്ങളില്‍ തെളിവടക്കം പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. എന്നാല്‍ നടപടി ഉണ്ടയില്ല. പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്‍ തട്ടിപ്പുകാരെ വെള്ളപൂശുകയാണ് ഉണ്ടായത്. ഓഡിറ്റ് വൈകിയെന്നതായിരുന്നു കമ്മീഷന്‍ കണ്ടെത്തിയ വീഴ്ചയെന്നും വി കുഞ്ഞികൃഷ്ണന്‍ പറയുന്നു.ഇപി ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ തട്ടിപ്പിനെ കുറിച്ച് പുസ്തകം എഴുതും. പാര്‍ട്ടിയ്ക്കുള്ളില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നീതി ലഭിച്ചില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു.
അതേ സമയം എംഎല്‍എ ടി എ മധുസൂദനനെതിരായ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തള്ളി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്നു വന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ-ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ് അംഗീകരിച്ചതുമാണ്.
2021 ല്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും, കമ്മീഷന്റെ റിപ്പോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ചില സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ കുഞ്ഞികൃഷ്ണന്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങള്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായി വരുന്ന നിലയുമുണ്ടായി. ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ അന്വേഷിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമാണെന്നും ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു.