തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള ബൈക്ക് പാർക്കിംഗ് ഏരിയയിൽ വൻ തീപിടിത്തം . ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന നിരവധി ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു .
റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയിലാണ് ആദ്യം തീ കണ്ടത്. കടുത്ത ചൂടിനെത്തുടർന്ന് തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു . പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും റെയിൽവേ ജീവനക്കാരുമാണ് ഉടൻ തന്നെ വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്.
ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത് . തീ പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. എങ്കിലും, നിരവധി ബൈക്കുകൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിയമർന്നിട്ടുണ്ട്.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ വണ്ടിയിൽ നിന്നുള്ള ഇന്ധനച്ചോർച്ചയാണോ അപകടത്തിന് കാരണമായതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അൽപ്പനേരം പരിഭ്രാന്തി പടർന്നെങ്കിലും ട്രെയിൻ ഗതാഗതത്തെ ഇത് ബാധിച്ചിട്ടില്ല