വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ഗുരുതരമായ ചികിത്സാ പിഴവ് ആരോപണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ തുണിക്കഷണം മറന്നുവെച്ച സംഭവത്തിലാണ് നടപടി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ യുവതി മന്ത്രി ഒ.ആർ. കേളുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 20-നാണ് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഖപ്രസവത്തെ തുടർന്ന് ഒക്ടോബർ 23-ന് ഇവർ ആശുപത്രി വിട്ടു. എന്നാൽ വീട്ടിലെത്തിയ ശേഷം അസഹ്യമായ വേദനയും ദുർഗന്ധവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ രണ്ടുതവണ ഡോക്ടറെ സമീപിച്ചെങ്കിലും 'ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് പ്രശ്നമെന്ന്' പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
ഒടുവിൽ ഒക്ടോബർ 29-നാണ് യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്തേക്ക് വന്നത്. ഇത്രയും ദിവസം അസഹ്യമായ ശാരീരിക വേദനയും വലിയ മാനസിക പ്രയാസവും അനുഭവിച്ചതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ കുറ്റക്കാരായ സ്ത്രീരോഗ വിഭാഗം ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിയെ കൂടാതെ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആശുപത്രി സൂപ്രണ്ടിനും യുവതി പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ ഗൗരവം പരിഗണിച്ച് ഉടൻ തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.എം.ഒ നിർദ്ദേശം നൽകിയിരിക്കുന്നത്.