വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ഇങ്കക്കാട് സ്വദേശിനി നിർമ്മല (52) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ അന്തരിച്ചത്. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി നിർമ്മലയെ ഓട്ടുപാറയിലുള്ള വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും ഇവർക്ക് ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ അന്നേ ദിവസം രാത്രി 11 മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടയിലുണ്ടായ രക്തസ്രാവം മൂലം വയറ്റിൽ രക്തം കട്ടപിടിച്ചത് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിയാതിരുന്നതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി നിർമ്മലയുടെ ഭർത്താവ് വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.