Share this Article
KERALAVISION TELEVISION AWARDS 2025
ഫാഷന്‍ ഷോയിലെ വനംമന്ത്രിയുടെ പാട്ട് വിവാദത്തില്‍; മാനന്തവാടിയിലെത്താതെ മന്ത്രി പാട്ട് പാടി നടക്കുകയാണെന്ന് വിമര്‍ശനം
വെബ് ടീം
posted on 25-01-2025
1 min read
AK SASHEENDRAN

കോഴിക്കോട് ഫാഷൻ ഷോ വേദിയെ പാട്ടുപാടി കൈയ്യിലെടുത്ത് വനംമന്ത്രി എ.കെ ശശീന്ദ്രൻ. മന്ത്രി വയനാട്ടിലെത്താത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കോഴിക്കോട് ഫാഷൻ ഷോ ഉദ്‌ഘാടനം ചെയ്ത ശേഷം പാട്ട്.മാനന്തവാടിയിലെത്താതെ മന്ത്രി പാട്ട് പാടി നടക്കുകയാണെന്നാണ്  വിമര്‍ശനം.നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കടുവയെ പിടികൂടാൻ കഴിയാത്തതിന്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ജനങ്ങളുടെ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെയാണ് മന്ത്രിയുടെ പാട്ടിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവരുന്നത്. 

കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ നടന്ന ഷോ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. ഫ്രീഡം ഫാഷൻ ഫ്യൂഷൻ മെഗാ മ്യൂസിക്കൽ പ്രോഗ്രാം എന്ന പേരിൽ നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഷോ ആണിത്. ഹിന്ദി ഗാനമാണ് മന്ത്രി പാടിയത്. ഇടവേള ബാബു ഉൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നു. 

പഞ്ചാരക്കൊല്ലിയിൽ ഇന്നലെ രാധ എന്ന വനവാസി സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നിരുന്നു. പാതി ഭക്ഷിച്ച മൃതദേഹമാണ് കിട്ടിയത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു രാധ. പ്രദേശത്ത് അടിക്കാട് വെട്ടിത്തെളിച്ചിട്ടില്ലെന്നും വനംവകുപ്പിന്റെ വീഴ്ചയാണ് ഇത്തരം അക്രമങ്ങൾക്ക് ഇടയാക്കുന്നതെന്നും ചൂണ്ടിക്കാട്ടി നാട്ടുകാർ ഇവിടെ പ്രതിഷേധം തുടരുകയാണ്.

പ്രദേശത്ത് ഇന്ന് വൈകിട്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലായി. തെരച്ചിലും ഊർജ്ജിതമാക്കി. നാട്ടുകാരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ കർശന നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. ഇതിനിടയിലാണ് മന്ത്രിയുടെ പാട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories