Share this Article
News Malayalam 24x7
ഓടി മറഞ്ഞോ?; ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്, ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
വെബ് ടീം
posted on 28-01-2025
1 min read
CHENTHAMARA

36 മണിക്കൂറു പിന്നിട്ടിട്ടും നെന്മാറ ഇരട്ടകൊലപാതകത്തിൽ കൊലയാളിയായ ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച പൊലീസ് നാളെ വീണ്ടും തെരച്ചിൽ തുടരും.

പോത്തുണ്ടി മാട്ടായിയിൽ ചെന്താമര ഓടിമറയുന്നത് കണ്ടെന്ന് നാട്ടുകാർ അറിയിച്ചിരുന്നു. ഇതേ തുടർന്ന്, കയ്യിൽ വടികളുമായി പൊലീസിനൊപ്പം ചെന്താമരയെ സത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അരിച്ചുപെറുക്കിയിരുന്നു. ചെന്താമരയെ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് രോഷത്തോടെ പ്രദേശവാസികൾ പറയുകയും ചെയ്തിരുന്നു.

അതേസമയം, നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനു പിന്നാലെ നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍ നൽകി. എസ്എച്ച്ഒ മഹീന്ദ്ര സിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാത്തതിലാണ് നടപടി.

കൊലപാതകത്തില്‍ എസ്എച്ച്ഒയ്ക്ക് വീഴ്ച പറ്റിയതായി പാലക്കാട് എസ്പി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥയില്‍ നെന്മാറ പഞ്ചായത്തില്‍ പ്രതി ചെന്താമരയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories