Share this Article
News Malayalam 24x7
പതിനേഴോളം മുറിവുകൾ; മുത്തങ്ങയിൽ ചികിത്സയിലായിരുന്ന കുട്ടികൊമ്പൻ ചരിഞ്ഞു
വെബ് ടീം
posted on 29-01-2025
1 min read
elephant calf

ബത്തേരി: മാനന്തവാടി എടയൂർ കുന്നിലെ ജനവാസ കേന്ദ്രത്തിൽനിന്നു ശരീരം നിറയെ മുറിവുകളും ചതവുകളുമായി മുത്തങ്ങ ആനപന്തിയിൽ രണ്ടാഴ്ച മുൻപ്  ചികിത്സയ്‌ക്കെത്തിച്ച ഒരു വയസ്സുള്ള കുട്ടിക്കൊമ്പൻ ചരിഞ്ഞു. കഴിഞ്ഞ 13ന് മുത്തങ്ങയിലെത്തിയ കുട്ടിക്കൊമ്പൻ സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി അവശനിലയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ ചരിഞ്ഞു. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും തുമ്പിക്കൈക്കും അടക്കം പതിനേഴോളം മുറിവുകളാണ് കുട്ടി കൊമ്പന്റെ ദേഹത്ത് ഉണ്ടായിരുന്നത്.

പോസ്റ്റ്‌മോർട്ടം നടത്തി ജഡം വയനാട് വന്യജീവി സങ്കേതത്തിൽ സംസ്കരിച്ചു.മാനന്തവാടി എടയൂർ കുന്നിലെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ 11നാണ് കുട്ടിക്കൊമ്പനെ ആദ്യം കണ്ടത്. തുടർന്ന് വനപാലകർ ആനയെ പിടികൂടി പ്രാഥമിക ചികിത്സ നൽകി കാട്ടിക്കുളം വനമേഖലയിൽ ആനക്കൂട്ടത്തിനൊപ്പം കാട്ടിൽ വിട്ടിരുന്നു. എന്നാൽ പിറ്റേന്ന് ആന വീണ്ടും നാട്ടിലെത്തി. തുടർന്നാണ് കുട്ടിക്കൊമ്പനെ പിടികൂടി മുത്തങ്ങ പന്തിയിലെത്തിച്ചത്. ശരീരത്തിൽ 17 മുറിവുകളാണ് ഉണ്ടായിരുന്നത്. കാലുകളിലും തുമ്പിക്കയ്യിലും മുറിവുണ്ടായിരുന്നു. വലതു പിൻകാലിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു.ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നൽകി വന്നത്. മുറിവുകൾക്ക് പുറമേ ആനയുടെ ശരീരത്തിൽ ചതവുകളും ഉണ്ടായിരുന്നു.

കുട്ടിയാനയെ നേരത്തെ ചികിത്സ നൽകിയശേഷം ബേഗൂർ റേഞ്ചിൽ വനത്തിൽ വിട്ടുവെങ്കിലും ആനകൾ കൂട്ടത്തിൽ ചേർത്തില്ല. ഇതോടെ കുട്ടിയാന വീണ്ടും ജനവാസ മേഖലകളിലേക്ക് ഇറങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കുകയായിരുന്നു. മുത്തങ്ങയിലെ ഒരുക്കിയ പ്രത്യേക പന്തിയിലായിരുന്നു കുട്ടിക്കൊമ്പനെ പാർപ്പിച്ചിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories