Share this Article
News Malayalam 24x7
റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി തൃശ്ശൂർ റൂറൽ പോലീസ്
വെബ് ടീം
23 hours 41 Minutes Ago
1 min read
THRISSUR

ആളൂർ: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചുനിന്ന 58-കാരന് ആളൂർ പോലീസ് രക്ഷകരായി. വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ  58-കാരനെയാണ്  പോലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.വെള്ളിയാഴ്ച പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ.

എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ആളൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന  ആളൂർ പോലീസ് സ്റ്റേഷൻ ജി .എസ്.ഐ ജെയ്‌സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി.

പോലീസ് എത്തുമ്പോൾ മധ്യവയസ്കൻ ട്രാക്കിൽ തലവെച്ച് കിടക്കുകയായിരുന്നു. ട്രെയിൻ വരാൻ സാധ്യതയുള്ളതിനാൽ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വലിയൊരു ദുരന്തം ഒഴിവായത്.റെയിൽവേ ട്രാക്കിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇദ്ദേഹത്തെ പോലീസ് ആശ്വസിപ്പിക്കുകയും ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലിനെ നാട്ടുകാർ അഭിനന്ദിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories