Share this Article
News Malayalam 24x7
ADM നവീന്‍ ബാബുവിൻ്റെ മരണം; അന്വേഷണം CBI ക്ക് വിട്ടു
ADM Naveen Babu Death Case Handed Over to CBI by Kerala Cabinet

കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ കൈക്കൊണ്ടു. കൂടാതെ, നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമന പദ്ധതി പ്രകാരം സർക്കാർ ജോലി നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള പന്ത്രണ്ടോളം സംശയങ്ങൾ അടങ്ങിയ കത്താണ് കുടുംബം മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ഈ കൂടിക്കാഴ്ചയിൽ തന്നെ കേസ് സിബിഐക്ക് വിടുന്ന കാര്യത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയായിരുന്നു.

കേസിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി ലഭിച്ചിരുന്നില്ല. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പല സുപ്രധാന വശങ്ങളും ഒഴിവാക്കിയാണ് അന്വേഷണം നടക്കുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു.

കുടുംബം ഉന്നയിച്ച പ്രധാന സംശയങ്ങൾ:

  1. കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ മാത്രമാണ് നിലവിൽ പ്രതിചേർത്തിട്ടുള്ളത്. എന്നാൽ ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം.
  2. പി.പി. ദിവ്യ ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിൽ ഒരെണ്ണം മാത്രമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. രണ്ടാമത്തെ മൊബൈൽ ഫോണിലെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നിട്ടില്ല.
  3. നവീൻ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് മാറ്റിയതിലും പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് കടന്നതിലും കുടുംബാംഗങ്ങളുടെയോ അടുത്ത ബന്ധുക്കളുടെയോ സാന്നിധ്യം ഉണ്ടായിരുന്നില്ല.

ഈ സംശയങ്ങളിലെല്ലാം സിബിഐ അന്വേഷണത്തിലൂടെ വ്യക്തത വരുമെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. സർക്കാർ തീരുമാനം തങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories