Share this Article
News Malayalam 24x7
പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി തുടരാം; ഹര്‍ജി തള്ളി ഹൈക്കോടതി
Kerala High Court Dismisses Plea Against Free Bus Travel Scheme for Women

കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ 'പ്രിയദർശിനി സൗജന്യയാത്ര പദ്ധതി'ക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കോടതി തള്ളിയത്. ഇതോടെ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാം.

പാലായിലെ 'സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ' എന്ന സംഘടനയാണ് പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. സാമ്പത്തികമായി ദുർബലരായ പുരുഷന്മാർ യാത്രക്കൂലി നൽകുമ്പോൾ, സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നത് വിവേചനപരമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ഉയർന്ന സാമ്പത്തിക ശേഷിയുള്ള ചില സ്ത്രീകൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു എന്ന ഒറ്റ കാരണത്താൽ സ്ത്രീകളുടെ സാമൂഹിക പുരോഗതി ലക്ഷ്യമിട്ടുള്ള ഒരു ജനക്ഷേമ പദ്ധതി പൂർണ്ണമായി റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.


കർണാടക, തമിഴ്നാട്, ഡൽഹി, പഞ്ചാബ് തുടങ്ങിയ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം സൗജന്യയാത്രാ പദ്ധതികൾ നിലവിലുണ്ടെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സർക്കാരിന്റെ വിശദീകരണം കൂടി കണക്കിലെടുത്താണ് കോടതി ഹർജി തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories