Share this Article
News Malayalam 24x7
മുഖ്യമന്ത്രി ചർച്ച; ഹൈക്കമാന്‍ഡിൻ്റെ മൗനം മുതലാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍
Congress CM Tussle in Kerala

നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരും മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. ഹൈക്കമാൻഡ് വിഷയത്തിൽ മൗനം തുടരുന്നത് മുതലെടുത്ത് പ്രമുഖ നേതാക്കളുടെ അനുയായികൾ അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ പാർട്ടിയിൽ ഗ്രൂപ്പ് പോര് സജീവമായി.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിനായി പ്രധാനമായും ഉയരുന്നത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന നിലപാട് കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചത് തർക്കങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇതിനോട് സതീശൻ, ചെന്നിത്തല പക്ഷങ്ങൾ കടുത്ത വിയോജിപ്പിലാണ്. എംപിമാരുടെയും എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കി ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താനാണ് ഓരോ വിഭാഗത്തിന്റെയും നീക്കം.


അതേസമയം, ഫലം വരും മുൻപേയുള്ള ഈ പരസ്യമായ അധികാര വടംവലിയിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾ കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര കലഹം മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്ക അവർക്കുണ്ട്. ഫലം വന്ന ശേഷം ഭൂരിപക്ഷം നോക്കി മാത്രം മതി ഇത്തരം ചർച്ചകളെന്ന് ലീഗ് നേതാവ് പി.എം.എ. സലാം വ്യക്തമാക്കി. ആർഎസ്പി, സിഎംപി തുടങ്ങിയ കക്ഷികളും കോൺഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഘടകകക്ഷികളുടെ ഈ അതൃപ്തി അവർ നേരിട്ട് ഹൈക്കമാൻഡിനെ അറിയിക്കുമെന്നാണ് വിവരം.


നിലവിൽ തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ ഹൈക്കമാൻഡ് കേരളത്തിലെ കാര്യങ്ങളിൽ ഉടൻ ഇടപെടാൻ സാധ്യതയില്ല. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നതോടെ ഗ്രൂപ്പ് പോര് കൂടുതൽ കടുക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories