പുറത്തുവന്ന മിക്ക എക്സിറ്റ് പോൾ ഫലങ്ങളും യു.ഡി.എഫിന്റെ വിജയത്തെ ശരിവെക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ എക്സിറ്റ് പോളുകളും ഒരേ കാര്യമാണ് പറയുന്നതെന്നും, അത് യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രം മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ മതിയെന്നും, നിലവിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇലക്ഷൻ കമ്മീഷനെതിരെ രൂക്ഷമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. കേരളത്തിലെ ഇരുപതിനായിരത്തോളം ഉദ്യോഗസ്ഥരുടെ വോട്ടവകാശം നിഷേധിച്ച ഇലക്ഷൻ കമ്മീഷൻ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് പരസ്യം നൽകുന്ന ഇലക്ഷൻ കമ്മീഷന്റെ നടപടി തികച്ചും തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.