ശബരിമലയിലെ ശ്രീകോവിലിൽ വൻ മോഷണം നടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വെളിപ്പെടുത്തൽ. നിലവിൽ കണ്ടെത്തിയ കവർച്ചയ്ക്ക് പുറമെ, ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണ്ണം കൂടി കടത്താൻ പ്രതികൾ വലിയ ഗൂഢാലോചന നടത്തിയെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എസ്.ഐ.ടി വ്യക്തമാക്കുന്നത്.
ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികളും കട്ടിളപ്പാളികളും മാത്രമാണ് നിലവിൽ കവർന്നതായി കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, 1998-ൽ യു.ബി ഗ്രൂപ്പ് ഏകദേശം 30 കിലോ സ്വർണ്ണമാണ് ശബരിമല ശ്രീകോവിലിൽ പൊതിഞ്ഞത്. ദ്വാരപാലക ശില്പം, കട്ടിളപ്പാളികൾ, സൈഡ് ഭാഗങ്ങൾ എന്നിവിടങ്ങളിലായി പൊതിഞ്ഞ ഈ സ്വർണ്ണം മുഴുവൻ മോഷ്ടിക്കാനായിരുന്നു പ്രതികളുടെ ആസൂത്രിത പദ്ധതിയെന്ന് റിപ്പോർട്ട് പറയുന്നു.
കേസ് എസ്.ഐ.ടിക്ക് വിട്ടതിന് പിന്നാലെ അന്വേഷണം അട്ടിമറിക്കാനും പ്രതികൾ ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, കർണാടകയിലെ റോത്തം ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവർ 2025 ഒക്ടോബറിൽ ബംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു. ഇവരുടെ ടവർ ലൊക്കേഷനുകൾ ഇതിന് തെളിവായി അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.
ഏഴ് പാളികളിൽ നിന്നായി 409 ഗ്രാം സ്വർണ്ണമാണ് പ്രതികൾ മോഷ്ടിച്ചത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് ഒരു പ്രത്യേക ലായനി ഉപയോഗിച്ചാണ് സ്വർണ്ണം കവർന്നതെന്ന് എസ്.ഐ.ടി കണ്ടെത്തി.
പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് എസ്.ഐ.ടി ഈ നിർണ്ണായക വിവരങ്ങൾ കോടതിയെ അറിയിച്ചത്. കേസിൽ കൂടുതൽ അന്വേഷണത്തിനായി ഹൈക്കോടതി അന്വേഷണ സംഘത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലകളും നിർമ്മാണ ചുമതലകളും വഹിച്ചിരുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ശ്രമം അതീവ ഗൗരവകരമായ കാര്യമായാണ് അധികൃതർ കാണുന്നത്.