കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
തലശ്ശേരി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും റാമിനെതിരെ ചുമത്തിയിട്ടുണ്ട്. ജാതി അധിക്ഷേപം എന്ന വകുപ്പ് ഒഴിവാക്കാനായി താനും പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണെന്ന രേഖ റാം വിചാരണക്കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കർണാടക സ്വദേശിയായ റാം പിന്നാക്ക വിഭാഗക്കാരനാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഡോ. എം.കെ. റാം നിതിൻ രാജിനെ നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് സഹപാഠികളുടെ പരാതി. കേസിൽ പ്രതിയായതിന് പിന്നാലെ ഡോ. റാം ഒളിവിൽ പോയിരിക്കുകയാണ്. പോലീസ് ഇദ്ദേഹത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.