നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡും പെൻഡ്രൈവും ഒരു മാസത്തിനകം സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ വിചാരണക്കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഹർജി പരിഗണിച്ചത്.
വിഷയത്തിൽ അന്വേഷണ റിപ്പോർട്ടിന്മേൽ എതിർകക്ഷികൾക്ക് എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. കൂടാതെ, എതിർകക്ഷികൾ ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഹർജിക്കാരിക്ക് ഇടക്കാല ഉത്തരവിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്.
വിവിധ കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആരോ തുറന്നു കണ്ടിട്ടുണ്ടെന്നും ഇത് തന്റെ സ്വകാര്യതയുടെ ലംഘനമാണെന്നുമാണ് അതിജീവിതയുടെ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഫോറൻസിക് പരിശോധനയിൽ മെമ്മറി കാർഡിന്റെ 'ഹാഷ് വാല്യൂ' മാറിയതായി തെളിഞ്ഞിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നേരത്തെ ഈ കേസ് കേൾക്കുന്നതിൽ നിന്നും രണ്ട് ജഡ്ജിമാർ പിന്മാറിയിരുന്നു.