പശ്ചിമേഷ്യൻ സംഘർഷം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും അയവില്ലാതെ തുടരുന്നു. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ ആക്രമണങ്ങൾ മേഖലയിൽ വലിയ ആശങ്കയാണ് പടർത്തുന്നത്. ഒമാനിലെ സലാല തുറമുഖത്തിന് നേരെയും കുവൈറ്റിലും കഴിഞ്ഞ ദിവസം ആക്രമണങ്ങൾ ഉണ്ടായി. യു.എ.ഇയിൽ നടന്ന ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ദുബായ് ക്രീക്ക് ഹാർബർ പരിസരത്ത് കെട്ടിടത്തിന് മുകളിൽ ഡ്രോൺ വീണതായും റിപ്പോർട്ടുകളുണ്ട്.
ഇറാഖിലെ അൽ-ഫൗ തുറമുഖത്ത് രണ്ട് വിദേശ എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ഇതിൽ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും 38 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഇറാഖ് ആരോപിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകളാണ് ടാങ്കറുകൾക്ക് നേരെ പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ഇസ്രായേലും ലബനനിലെ വിവിധ ഭാഗങ്ങളിൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് പേരും ബെയ്റൂട്ടിലെ അൽ-ബൈദ കടൽതീരത്തുണ്ടായ ആക്രമണത്തിൽ ആറ് പേരും കൊല്ലപ്പെട്ടു.
എന്നാൽ, ഈ രൂക്ഷമായ യുദ്ധസാഹചര്യത്തിനിടയിലും സമാധാനത്തിന് തയ്യാറാണെന്ന സൂചന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ നൽകി. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുകയും ഭാവിയിലെ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര ഗ്യാരണ്ടി നൽകുകയും ചെയ്താൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ വ്യക്തമാക്കി. റഷ്യയെയും പാകിസ്ഥാനെയും ഈ ഉപാധികൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനിക്ക് പരിക്കേറ്റെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നും ആരോഗ്യവാനാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ സജീവമാണെങ്കിലും ആക്രമണങ്ങൾ തുടരുന്നത് വിപണികളെയും ആഗോള ഇന്ധന വിതരണത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.