നേപ്പാളിലെ മുതിർന്ന രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദ്യുബയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നേപ്പാളി കോൺഗ്രസ് നേതാവായ ദ്യുബയ്ക്കെതിരെ നിയമനടപടി ഉണ്ടായിരിക്കുന്നത്. നേപ്പാളിൽ പുതുതായി അധികാരമേറ്റ ബലേന്ദ്ര ഷാ സർക്കാർ ദ്യുബയ്ക്കും കുടുംബത്തിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നടപടി.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷേർ ബഹാദൂർ ദ്യുബ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് ഇത്തരം കേസുകൾ കെട്ടിച്ചമയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. ദ്യുബയുടെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിദേശ നിക്ഷേപങ്ങളെക്കുറിച്ചും വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നേപ്പാൾ രാഷ്ട്രീയത്തിൽ വൻ ചലനങ്ങളാണ് ഈ നീക്കം ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ, 2025-ൽ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചുവെങ്കിലും മുൻ ഭരണനേതൃത്വത്തിനെതിരെ കർശനമായ നിലപാടാണ് ബലേന്ദ്ര ഷാ സർക്കാർ സ്വീകരിക്കുന്നത്.