Share this Article
News Malayalam 24x7
രാജ്യത്തെ വനിതകളോട് മാപ്പു ചോദിക്കുന്നു,‘നാരീശക്തിക്ക് പ്രതിപക്ഷം തടയിട്ടു, കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യ'യെന്നും പ്രധാനമന്ത്രി
വെബ് ടീം
posted on 18-04-2026
1 min read
PM

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതില്‍ രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

വനിതകളോട് ഒരു കാര്യം പറയാന്‍ ഉണ്ട് എന്ന് പറഞ്ഞാണ് മോദി സംസാരിച്ച് തുടങ്ങിയത്. 'ഇന്ന് ഞാന്‍ ഇവിടെ ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യാന്‍ വന്നിരിക്കുന്നു, പ്രത്യേകിച്ച് ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടി. സ്ത്രീകളുടെ പുരോഗതി എങ്ങനെ സ്തംഭിച്ചു എന്ന് ഈ രാജ്യത്തെ ഓരോ പൗരനും സാക്ഷ്യം വഹിക്കുന്നു. നമ്മള്‍ എത്ര ശ്രമിച്ചിട്ടും നമുക്ക് വിജയിക്കാന്‍ സാധിച്ചില്ല. നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞില്ല. ഇതിനായി എല്ലാ അമ്മമാരോടും രാജ്യത്തുള്ള എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.'- മോദി പറഞ്ഞു.'സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പ് നല്‍കില്ല. ഈ പാപത്തിന്റെ ശിക്ഷ പ്രതിപക്ഷത്തിന് ലഭിക്കും. ബില്‍ ഒന്നും കവര്‍ന്നെടുക്കാനായിരുന്നില്ല. ബില്‍ പാസാകാതിരിക്കാന്‍ കോണ്‍ഗ്രസ് പലവട്ടം ഗൂഢാലോചന നടത്തി. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം കയ്യടിച്ച് ആഹ്ലാദിച്ചു. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തിയത് ഭ്രൂണഹത്യയാണ്.'- മോദി വിമര്‍ശിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories