Share this Article
News Malayalam 24x7
ഇറാനുമായുള്ള വെടിനിർത്തൽ നീട്ടി: ഉപരോധം തുടരുമെന്ന് ട്രംപ്
US President Donald Trump Extends Ceasefire with Iran

ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കയുമായും ഇസ്രായേലുമായുമുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ നേതാക്കളും പ്രതിനിധികളും ഏകീകൃതമായ ഒരു നിർദ്ദേശം സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇറാനെതിരായ ആക്രമണം നീട്ടിവെക്കാൻ യുഎസ് തീരുമാനിച്ചതെന്ന് ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഇറാൻ ഭരണകൂടത്തിനുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര ഭിന്നതകൾ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ യുഎസ് സൈന്യം സജ്ജമാണെന്നും കപ്പലുകൾ പിടിച്ചെടുക്കുന്നതും ജീവനക്കാരെ ബന്ദികളാക്കുന്നതും അനുവദിക്കാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ യാത്ര റദ്ദാക്കിയിട്ടുണ്ട്. സമാധാന ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories