അമേരിക്കയുമായുള്ള സമാധാന ചർച്ചകളെയും പുതിയ കരാറുകളെയും സ്വാഗതം ചെയ്യുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഉപരോധങ്ങളും ഭീഷണികളുമാണ് ഇതിന് പ്രധാന തടസ്സമായി നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ അവകാശവാദങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക തുടർച്ചയായി വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് പ്രായോഗികമല്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണ്. അമേരിക്കൻ നടപടികൾ ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഖാലിബാഫ് കുറ്റപ്പെടുത്തി.
അതേസമയം, പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം അവസാനിക്കേണ്ടിയിരുന്ന യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ ട്രംപ് ഭരണകൂടം നീട്ടിയിരുന്നു. അമേരിക്ക വെടിനിർത്തൽ നീട്ടിയത് തങ്ങളുടെ വിജയമായാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധത്തിൽ ട്രംപ് തൃപ്തനാണെന്നും എന്നാൽ ഇറാൻ സാമ്പത്തികമായി ദുർബലമായ അവസ്ഥയിലാണെന്നുമാണ് യുഎസ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എങ്കിലും പാകിസ്ഥാനിലെ ചർച്ചകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.