Share this Article
News Malayalam 24x7
ട്രംപിനെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; നാസയിൽ പരിശീലനം നേടിയ എൻജിനീയർ
 Cole Thomas Allen

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ നടന്ന വധശ്രമത്തിൽ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കലിഫോർണിയ സ്വദേശിയായ 31 കാരൻ കോൾ തോമസ് അലനാണ് പിടിയിലായത്. ശനിയാഴ്ച രാത്രി വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണം.

വെടിയൊച്ച കേട്ട ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെ സുരക്ഷിതമായി വേദിയിൽ നിന്ന് മാറ്റി. ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റു. മറ്റൊരു ഉദ്യോഗസ്ഥൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

പിടിയിലായ കോൾ തോമസ് അലൻ മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരിയും അധ്യാപകനുമാണ്. ഇയാൾ നാസയിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ട്രംപിനെ വധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം. ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ഇയാളുടെ കൈവശം വൻതോതിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും വാഷിംഗ്ടൺ ഡിസി പോലീസ് മേധാവി ജെഫ്രി ഡബ്ല്യു കാരൾ പറഞ്ഞു.

ട്രംപിനെ കൂടാതെ പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. ട്രംപിനെതിരെ നടക്കുന്ന നാലാമത്തെ വധശ്രമമാണിത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ പങ്കുവെച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories