വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ വെടിവെപ്പ് നടത്തിയ കോൾ തോമസ് അലൻ, ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബത്തിന് അയച്ച സന്ദേശം പുറത്തുവന്നു. ട്രംപ് ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടാണ് താൻ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് അലൻ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
അത്താഴവിരുന്ന് നടന്ന ഹോട്ടലിലെ സുരക്ഷാ വീഴ്ചയെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. "താൻ ഒരു ഇറാനിയൻ ഏജന്റായിരുന്നെങ്കിൽ മാരകമായ യന്ത്രത്തോക്കുകളുമായി അത്താഴവിരുന്ന് നടക്കുന്ന ഹോട്ടലിൽ പ്രവേശിക്കാൻ എളുപ്പത്തിൽ കഴിയുമായിരുന്നു" എന്ന് അലൻ പരിഹസിച്ചു. ഹോട്ടലിന് പുറത്ത് പ്രതിഷേധിക്കുന്നവരെ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. എന്നാൽ ഒരു ദിവസം മുൻപേ ഹോട്ടലിൽ മുറിയെടുത്ത തന്നെ ആരും സംശയിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ലെന്ന് അലൻ ചൂണ്ടിക്കാട്ടി.
അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷയിലെ ഗുരുതരമായ വീഴ്ചയെ കുറിച്ചാണ് ഈ സന്ദേശം വിരൽ ചൂണ്ടുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.