അന്താരാഷ്ട്ര നാണയ വിപണിയിൽ ഇന്ത്യൻ രൂപയ്ക്ക് കനത്ത തിരിച്ചടി. ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 95.20 എന്ന നിലയിലേക്ക് കൂപ്പുകുത്തി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ കേന്ദ്ര ബാങ്കായ യു.എസ് ഫെഡറൽ റിസർവിന്റെ (US Federal Reserve) സാമ്പത്തിക നയങ്ങളും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് രൂപയുടെ മൂല്യം കുത്തനെ കുറയാൻ കാരണമായത്. വിദേശ നിക്ഷേപകർ വ്യാപകമായി ഡോളർ വാങ്ങിക്കൂട്ടുന്നതും ആഗോളതലത്തിൽ ഡോളർ കരുത്താർജ്ജിക്കുന്നതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ രൂപയുടെ മൂല്യത്തിൽ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഇതാദ്യമായാണ് മൂല്യം 95 രൂപയ്ക്ക് മുകളിലേക്ക് കടക്കുന്നത്.
രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കാനും, അതുവഴി അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്രവാസികൾക്കും ഈ കറൻസി മാറ്റം വലിയ രീതിയിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിൽ എങ്ങനെ പ്രതിഫലിക്കുമെന്ന ആകാംക്ഷയിലാണ് സാമ്പത്തിക ലോകം.