ഇറാനിലെ എണ്ണ സമ്പത്തിനെയും ഉൽപ്പാദനത്തെയും തകർക്കുമെന്ന അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഭീഷണികളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാബീർ ഗാലിബാഫ് രംഗത്ത്. മൂന്നു ദിവസങ്ങളായിട്ടും ഇറാനിലെ ഒരൊറ്റ എണ്ണക്കിണർ പോലും തകർക്കാൻ യു.എസിനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
"മൂന്നല്ല, 30 ദിവസമല്ല, മറിച്ച് 300 ദിവസത്തെ ഉപരോധം നീണ്ടാലും ഇറാനിലെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ല. വേണമെങ്കിൽ എണ്ണക്കിണറുകളുടെ ദൃശ്യങ്ങൾ തത്സമയം സ്ട്രീമിങ് നടത്തി ലോകത്തെ കാണിക്കാൻ ഞങ്ങൾ സജ്ജരാണ്," ഗാലിബാഫ് വെല്ലുവിളിച്ചു.
അമേരിക്ക ഉപരോധം തുടരുകയാണെങ്കിൽ എണ്ണവില ഉടൻ തന്നെ 140 ഡോളറിലേക്ക് എത്തുമെന്ന് കാണിച്ചുതരാമെന്നും അദ്ദേഹം എക്സിൽ (ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെപ്പോലുള്ള ഉദ്യോഗസ്ഥർ നൽകുന്ന ഉപദേശങ്ങൾ തെറ്റാണെന്നും, ഇതിലൂടെ എണ്ണവില കുറയ്ക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. ട്രംപിന് ലഭിക്കുന്നത് തെറ്റായ ഉപദേശങ്ങളാണെന്നും ഇറാൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും ഗാലിബാഫ് കൂട്ടിച്ചേർത്തു.