ഇറാനെതിരെ സൈനിക നടപടികൾ സ്വീകരിച്ചത് മാനസിക വിഭ്രാന്തിയുള്ളവരുടെ പക്കൽ അണുവായുധം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെതിരായ സൈനിക നടപടികൾ താൻ ഇതിനകം അവസാനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. യുദ്ധം തുടരാൻ പാർലമെന്ററി അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. അതേസമയം, ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളിൽ താൻ തൃപ്തനല്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
അമേരിക്ക തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയാൽ മാത്രമേ ചർച്ചകൾക്ക് തയ്യാറുള്ളൂ എന്നാണ് ഇറാൻ പ്രതികരിച്ചത്. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം 60 ദിവസങ്ങൾ പിന്നിട്ട പശ്ചാത്തലത്തിലാണ് ഈ നിർണ്ണായകമായ പരാമർശങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ അത് 60 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന അമേരിക്കൻ നിയമം പാലിച്ചുകൊണ്ടാണ് നടപടികളെന്നും ട്രംപ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോര് തുടരുകയാണ്.