Share this Article
News Malayalam 24x7
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ വിധി
Vadakara Fake Screenshot Case

വടകര ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കറിന്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ ശേഷം വിധി പറയുന്നത് നാളത്തേക്ക് മാറ്റിയത്.

കേസിലെ പ്രതിയായ ജിതിൻ ഭാസ്കറിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐറ്റി) കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് നവമാധ്യമങ്ങളിലൂടെ ആദ്യം പ്രചരിപ്പിച്ചതിലും ജിതിൻ ഭാസ്കറിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഈ കുറ്റകൃത്യത്തിന് പിന്നിൽ ചില ഉന്നതരുടെ പ്രേരണയോ പിന്തുണയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

   

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജ ടീച്ചർക്കെതിരെയാണ് വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചരിച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് കുറ്റ്യാടി എംഎൽഎ പറക്കൽ അബ്ദുള്ള ഉൾപ്പെടെയുള്ളവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിലെ ഡിവൈഎഫ്ഐ നേതാക്കളുടെ പങ്കാളിത്തം കണ്ടെത്തി ജിതിനെ അറസ്റ്റ് ചെയ്തത്. പ്രതി നിലവിൽ റിമാൻഡിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories