സ്കൂൾ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന തീരുമാനം. എൽ.പി.എസ്.ടി., യു.പി.എസ്.ടി., എച്ച്.എസ്.ടി. തസ്തികകളിലേക്കുള്ള ബൈ-ട്രാൻസ്ഫർ സ്ഥാനക്കയറ്റത്തിന് ഇനിമുതൽ കെ-ടെറ്റ് യോഗ്യത നിർബന്ധമാണ്.
കെ-ടെറ്റ് നേടിയ അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും മാത്രമേ സ്ഥാനക്കയറ്റത്തിന് പരിഗണിച്ചാൽ മതിയാകുകയുള്ളൂ എന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി., സെറ്റ് എന്നീ ഉയർന്ന യോഗ്യതകളുള്ളവരെ കെ-ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കിയ പഴയ വ്യവസ്ഥ ഇതോടെ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, കെ-ടെറ്റ് ഏതെങ്കിലും ഒരു കാറ്റഗറിയിൽ വിജയിച്ചവരെ എൽ.പി./യു.പി. അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാമെന്നും, എന്നാൽ ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് മൂന്നാം കാറ്റഗറി യോഗ്യതയുള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഈ മാറ്റങ്ങൾ സംസ്ഥാനത്തെ സ്കൂൾ അധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും നിർണ്ണായക സ്വാധീനം ചെലുത്തും.