നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് വേഗം കൂട്ടാൻ എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നലെ വൈകുന്നേരം തലസ്ഥാനത്തെത്തിയ അദ്ദേഹം രാത്രിയിൽ മുതിർന്ന നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തി. സംസ്ഥാന നേതാക്കളുമായുള്ള ഔദ്യോഗിക ചർച്ചകൾ ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം നേരിട്ട് മനസ്സിലാക്കുക എന്നതാണ് മിസ്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് താല്പര്യങ്ങൾക്കും ശുപാർശകൾക്കും അപ്പുറം യഥാർത്ഥ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് നിർദ്ദേശം. ഇതിന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക തയ്യാറാക്കാൻ എഐസിസി നിർദ്ദേശിച്ചിട്ടുണ്ട്.
ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് ഇത്തവണ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്ന ഉടൻ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
തുടർ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ മാസം 16-ന് ഡൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ഇവർ കൂടിക്കാഴ്ച നടത്തും.