ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘത്തോട് പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ട്രംപ് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ചര്‍ച്ചകള്‍ വേണമെന്നുണ്ടെങ്കില്‍ ഇറാന്‍ ഇങ്ങോട്ട് വന്ന് സമീപിക്കട്ടെ എന്നതാണ് അമേരിക്കയുടെ പുതിയ നിലപാടെന്ന് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറാനും പാകിസ്ഥാനും തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകളെക്കുറിച്ചുള്ള ചില ആശങ്കകളും നിര്‍ദ്ദേശങ്ങളും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കൈമാറിയിരുന്നു. ഈ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ പ്രതിനിധികള്‍ ഇസ്‌ലാമാബാദിലെത്തുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. എന്നാല്‍ ഇത്തരം യാത്രകള്‍ അനാവശ്യമാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.
ഇറാന്‍ നേതൃത്വത്തില്‍ നിലവില്‍ ആരാണുള്ളതെന്ന് പോലും തനിക്ക് അറിയില്ലെന്നും അങ്ങനെയുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘത്തെ വിട്ടുനല്‍കേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്കെതിരെയുള്ള ഉപരോധങ്ങള്‍ നീക്കാതെ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. അമേരിക്കന്‍ സംഘത്തിന്റെ പിന്മാറ്റത്തോടെ മേഖലയിലെ നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.