അമേരിക്കയുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി പുതിയ ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ. ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇക്കാര്യം പാകിസ്ഥാൻ വഴി രേഖാമൂലം അമേരിക്കയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവ പദ്ധതിയെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് ഇറാൻ ആവർത്തിച്ചു. കൂടാതെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പണം ഈടാക്കാനും ഇറാൻ നീക്കം തുടങ്ങിയിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും സമാധാന ശ്രമങ്ങൾക്കുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗച്ചി പാകിസ്ഥാനിലും ഒമാനിലും സന്ദർശനം നടത്തിയിരുന്നു.
എന്നാൽ അമേരിക്കൻ പ്രതിനിധികൾ നടത്താനിരുന്ന പാകിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതോടെ ഇറാൻ-യുഎസ് നയതന്ത്ര നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.