കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
വരുന്ന ജൂൺ 15 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ 100 ദിവസത്തേക്ക് ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സ്ത്രീകൾക്ക് യാതൊരുവിധ പ്രായപരിധിയോ വരുമാന പരിധിയോ ഉണ്ടായിരിക്കില്ല. വിദ്യാർത്ഥിനികൾ, ഉദ്യോഗസ്ഥർ, മുതിർന്ന പൗരന്മാർ തുടങ്ങി എല്ലാ വിഭാഗം സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാകും. കൂടാതെ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
സൗജന്യ യാത്രാ പദ്ധതി വഴി ഉണ്ടാകുന്ന അധിക ചിലവ് നികത്തുന്നതിനായി കെ.എസ്.ആർ.ടി.സി, കെ.ടി.എഫ്.സി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമിയും കെട്ടിടങ്ങളും പരമാവധി വരുമാനം ലഭിക്കുന്ന രീതിയിൽ വാണിജ്യപരമായി പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. പദ്ധതിയുടെ കൃത്യമായ നടത്തിപ്പ് സംബന്ധിച്ചും ദൂരപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചും ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ പഠനം നടത്തും. വരും ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ പദ്ധതിക്ക് അന്തിമ അനുമതി നൽകുമെന്നും അതിനുശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഗതാഗത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.