Share this Article
News Malayalam 24x7
സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറിയിൽ മാത്രം
KSRTC Free Travel for Women

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ നിർണായക ചർച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്.

തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായ 'ഇന്ദിര ഗ്യാരണ്ടി' പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സ്ത്രീകൾക്ക് യാതൊരുവിധ പ്രായപരിധിയോ വരുമാന പരിധിയോ ഉണ്ടായിരിക്കില്ല. വിദ്യാർത്ഥിനികൾ, ജോലിക്ക് പോകുന്നവർ, മുതിർന്ന സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവർക്കും ഈ യാത്രാ ആനുകൂല്യം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ 100 ദിവസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഫലം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്ക് ആനുകൂല്യം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുക.


സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകാൻ സാധ്യതയുള്ള അധിക സാമ്പത്തിക ബാധ്യതയും നഷ്ടവും എങ്ങനെ നികത്താമെന്നതിനെക്കുറിച്ച് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം, ടിക്കറ്റിങ് സംവിധാനം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങൾ ആദ്യത്തെ 100 ദിവസങ്ങളിൽ വിശദമായി നിരീക്ഷിക്കും. യാത്ര ചെയ്യാനാകുന്ന പരമാവധി ദൂരപരിധി സംബന്ധിച്ച കാര്യങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടുള്ള വിശദമായ മാർഗ്ഗരേഖ പുറത്തിറക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories