Share this Article
News Malayalam 24x7
സിഎംആര്‍എല്‍ - എക്‌സാലോജിക് കേസ്; അന്വേഷണം ശക്തമാക്കി ഇ ഡി
CMRL-Exalogic Case

സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നൽകിയ ഹർജി കൊച്ചിയിലെ പി.എം.എൽ.എ (PMLA) കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) ശേഖരിച്ച സുപ്രധാന തെളിവുകൾ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കോടതിയെ സമീപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ 2016-ൽ ഒപ്പുവെച്ച കരാർ ഉൾപ്പെടെ 134 നിർണായക രേഖകൾ വിട്ടുനൽകണമെന്നാണ് ഇ.ഡിയുടെ ആവശ്യം. നിലവിൽ ഈ രേഖകൾ എസ്.എഫ്.ഐ.ഒയുടെ കസ്റ്റഡിയിലാണ് ഉള്ളത്. എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വീണ വിജയന്റെ ആദായനികുതി റിട്ടേൺ രേഖകൾ, വായ്പ ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും ആവശ്യപ്പെട്ട രേഖകളിൽ ഉൾപ്പെടുന്നു.


2016 മുതൽ 2020-21 വരെയുള്ള കാലയളവിൽ ഐ.ടി സേവനങ്ങളുടെ പേരിൽ സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക്കിനും വീണ വിജയനും ഏകദേശം 2.78 കോടി രൂപ ലഭിച്ചുവെന്നാണ് ഉയർന്നിട്ടുള്ള ആരോപണം. എന്നാൽ ഈ കാലയളവിൽ എക്സാലോജിക് യാതൊരുവിധ ഐ.ടി സേവനങ്ങളും സി.എം.ആർ.എല്ലിന് നൽകിയിട്ടില്ലെന്നാണ് എസ്.എഫ്.ഐ.ഒയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.


വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നതിന് മുന്നോടിയായി ഇടപാടുകളിലെ ക്രമക്കേടുകൾ വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ശേഖരിക്കുക എന്നതാണ് ഇ.ഡിയുടെ ലക്ഷ്യം. കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതോടെ ഈ രേഖകൾ കൂടി പരിശോധിച്ച് തുടരന്വേഷണത്തിലേക്ക് കടക്കാനാണ് ഇ.ഡിയുടെ നീക്കം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories