Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും
Sabarimala Gold Case

ശബരിമല സ്വർണക്കവർച്ചാ കേസ് ഇന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത. കേസുമായി ബന്ധപ്പെട്ട രണ്ട് വിഭാഗങ്ങളിലെയും അന്വേഷണം പൂർത്തിയായതായി എസ്.ഐ.ടി കോടതിയെ അറിയിക്കും.

ദ്വാരപാലക വിഗ്രഹത്തിലെ സ്വർണം, കട്ടിലപ്പടിയിലെ സ്വർണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണമാണ് പൂർത്തിയായത്. കേസിൽ നിർണായകമായിരുന്ന ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് മുൻപ് റിപ്പോർട്ട് സമർപ്പിക്കുന്നത് നീണ്ടുപോകാൻ കാരണമായത്. നിലവിൽ ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ (NML) നിന്നുള്ള വിശദമായ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്.ഐ.ടി കോടതിയെ സമീപിക്കുന്നത്. കേസിൽ കുറ്റപത്രം വൈകിയതിനെ തുടർന്ന് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇനി കുറ്റപത്രം സമർപ്പിക്കുന്നതിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലയളവിൽ നടന്ന സ്വർണം പൂശലുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിലും ഇന്ന് കോടതിയുടെ ഭാഗത്തുനിന്ന് സുപ്രധാന തീരുമാനമുണ്ടായേക്കും. ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താനാണ് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിനും നിർണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories