നടൻ ടിനി ടോം തനിക്കെതിരെ സൈബർ അധിക്ഷേപവും വർഗ്ഗീയ പരാമർശങ്ങളും നടത്തിയെന്ന പരാതിയിൽ നടി അൻസിബ ഹസ്സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചി കടവന്ത്ര പൊലീസാണ് നടിയുടെ മൊഴി എടുത്തത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്തുന്നതിനായി അൻസിബയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ടിനി ടോം തനിക്കെതിരെ സൈബർ ഇടങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും വർഗ്ഗീയ ചുവയുള്ള പരാമർശങ്ങൾ ഉന്നയിക്കുകയും ചെയ്തതായാണ് അൻസിബയുടെ പരാതി. തന്റെ കുടുംബത്തെ അടക്കം മോശം രീതിയിൽ ചിത്രീകരിച്ച് അധിക്ഷേപിച്ചതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊച്ചി ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് നടി ആദ്യം പരാതി നൽകിയിരുന്നത്. എന്നാൽ സംഭവം നടന്ന സ്ഥലം കടവന്ത്ര പൊലീസ് പരിധിയിലായതിനാൽ ഇൻഫോ പാർക്ക് പൊലീസ് കേസ് കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു.
അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ മൊഴി പരിശോധിച്ച ശേഷം കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് കടവന്ത്ര പോലീസിന്റെ തീരുമാനം.