തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് 2, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 165 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 241 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (57), വയനാട് (22), തൃശൂര്‍ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂര്‍ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഒരാള്‍ ഡെങ്കിപ്പനി മൂലം മരിച്ചു. ഇന്ന് 159 പേര്‍ക്ക്് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേര്‍ക്ക്് എലിപ്പനി സ്ഥിരികീരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് കൈമാറി.റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് അടിയന്തരപ്രാധാന്യത്തോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.കൂടുതല്‍ ചര്‍ച്ച നടത്തി വിവിധ ജില്ലകളിലെ ഹോട്ട്സ്പോട്ടുകള്‍ സന്ദര്‍ശിച്ച് കമ്മിറ്റി വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കും. നിപ എന്തുകൊണ്ട് പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കാണുന്നു, അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളില്‍ സമിതി വിശദമായ പഠനം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ ആശ്വാസം കിട്ടുന്നതിനുള്ള ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കും.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളെക്കാള്‍ കുറവാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കമ്മിറ്റി വിലയിരുത്തി. അതേസമയം ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങള്‍ ഈ വര്‍ഷം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എല്‍-നിനോ പ്രതിഭാസത്തിന്റെയും ആഗോള തലത്തില്‍ സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടേയും തുടര്‍ച്ചയായി ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ വരും മാസങ്ങളില്‍ കൂടുതല്‍ വ്യാപകമാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ തുടരണം. പകര്‍ച്ചവ്യാധി പ്രതിരോധയജ്ഞത്തിന് 'ഗോള്‍' എന്ന പേര് നല്‍കി പരിപാടികള്‍ നടപ്പാക്കണമെന്നും കമ്മിറ്റി ശുപാര്‍ശയിലുണ്ട്.
പൊതുവായ ശുപാർശകൾ
* പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. ഏകാരോഗ്യ സമീപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം സാദ്ധ്യമാക്കാൻ ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, കൃഷി, പൊതുമരാമത്ത്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഉന്നതതല യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉടൻ ചേരണം.
* ഡെങ്കിപ്പനിയുൾപ്പടെയുള്ള പകർച്ചവ്യാധികൾ വരും നാളുകളിൽ കൂടുതൽ വ്യാപകമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് മാസക്കാലം സംസ്ഥാനത്തുടനീളം കൊതുക് നശീകരണ, മാലിന്യ സംസ്‌കരണ, ശുചീകരണ തീവ്രയജ്ഞം നടത്തണം. ഈയാഴ്ച തന്നെ തീവ്രയജ്ഞത്തിന് തുടക്കമിടണം.
* ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, ഷിഗല്ല പോലുള്ള പകർച്ചവ്യാധികളുടെ നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇത്തരം രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹോട്ട്-സ്‌പോട്ടുകൾ കണ്ടെത്തണം. ആരോഗ്യ വകുപ്പ് ഫീൽഡ് തല ജീവനക്കാരെ ഉപയോഗിച്ച് Integrated Disease Surveillance Programme (IDSP) രോഗ നിരീക്ഷണ സംവിധാനത്തിന്റെ സഹായത്തോടെ ഇത്തരം ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തണം.
* ഷിഗല്ലയുൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശുചിത്വ ബോധവൽക്കരണം ശക്തമാക്കണം. ജല സ്രോതസ്സുകൾ മലിനമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതിന്റെ ചുമതല അതത് പ്രദേശത്തെ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്കും ഫുഡ് സേഫ്റ്റി ഓഫീസർക്കും നൽകണം. ജല പരിശോധന നടത്താൻ വേണ്ട ഫീൽഡ് ടെസ്റ്റ് കിറ്റുകൾ ഈ ആരോഗ്യ പ്രവർത്തകർക്കും ലഭ്യമാക്കണം.
* റസ്റ്റോറന്റുകളുടെയും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന തട്ട് കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും ശുചിത്വവും സുരക്ഷിതത്വവും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും പരിശോധിക്കാൻ എല്ലാ പ്രദേശങ്ങളിലും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും ആരോഗ്യവകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഹെൽത്ത് ഇൻസ്‌പെക്ടർ/ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെയും സംയുക്ത പരിശോധന സ്‌ക്വാഡുകൾ രൂപീകരിക്കണം. ഫീൽഡ് തല പരിശോധനക്ക് വേണ്ട ടെസ്റ്റ് കിറ്റുകളും ചെക്ക് ലിസ്റ്റുകളും അവർക്ക് നൽകണം. മൂന്ന് മാസത്തിൽ ഒരു തവണയെങ്കിലും എല്ലാ ഭക്ഷണ ശാലകളും പരിശോധിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. ഹോട്ടൽ /റസ്റ്റോറന്റ് മേഖലയിലെ സംഘടനകളെയും തൊഴിലാളികളെയും പരിശീലിപ്പിക്കുകയും രോഗ നിയന്ത്രണത്തിൽ പങ്കാളികളാക്കുകയും ചെയ്യണം.
* എലിപ്പനിക്കെതിരായ ബോധവൽക്കരണം ശക്തമാക്കണം. എലിപ്പനി പകരാൻ സാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിൽ/കൃഷി/ തദ്ദേശ ഭരണ വകുപ്പുകളുടെ സഹകരണത്തോടെ രോഗപ്രതിരോധ മാർഗങ്ങൾ (കയ്യുറ, ബൂട്ട്‌സ് തുടങ്ങിയവ) ലഭ്യമാക്കുകയും അവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഡോക്‌സിസൈക്ലിൻ ആന്റിബയോട്ടിക് മരുന്ന് നൽകുന്നത് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ആയിരിക്കണം.
* പകർച്ചവ്യാധികൾ നിർണയിക്കാനുള്ള രോഗപരിശോധന സാമഗ്രികൾ എല്ലാ ജില്ലകളിലും ലഭ്യമാക്കണം. കോട്ടയം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിർമ്മാണം പൂർത്തിയായ പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ ഉടനെ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം.
* ഏകാരോഗ്യം, മൃഗജന്യരോഗങ്ങളുടെ സർവേയലൻസ്, മൃഗസാമ്പിൾ പരിശോധന എന്നിവയുടെ ഏകോപനം ഉറപ്പാക്കാൻ ഓരോ ജില്ലയിലും വനം, മൃഗ സംരക്ഷണ വകുപ്പുകളിൽ നിന്ന് ഒരു വെറ്ററിനറി ഡോക്ടറുടെയോ ഉദ്യോഗസ്ഥന്റെയോ സേവനം ആരോഗ്യവകുപ്പിൽ ലഭ്യമാക്കണം.
* പകർച്ചപ്പനി വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ കോളജുകളിലെയും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് പാരാമെഡിക്കൽ ജീവനക്കാരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തണം. ആരോഗ്യ വകുപ്പിൽ ഇപ്പോൾ 800-ലധികം ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ഇവ നികത്തുന്നതിനായി സ്ഥാനക്കയറ്റവും പി എസ് സി നിയമനവും വേഗത്തിലാക്കണം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെ എല്ലാ തലങ്ങളിലും ചികിത്സക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും കൂടുതൽ ഡോക്ടർമാരുടെയും പാരമെഡിക്കൽ ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ആവശ്യമായി വന്നാൽ ദേശീയ ആരോഗ്യ മിഷൻ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അവരെ താൽക്കാലികമായി നിയമിക്കാൻ നടപടികൾ സ്വീകരിക്കണം.