വടകരയിലെ വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യമില്ല. പ്രതിയുടെ ജാമ്യാപേക്ഷ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ ജിതിൻ ഭാസ്കർ റിമാൻഡിൽ തന്നെ തുടരും.
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രൊസിക്യൂഷന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും (SIT) ശക്തമായ വാദങ്ങൾ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിലും ജിതിന് നേരിട്ടുള്ള പങ്കാളിത്തമുണ്ടെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ കൂടുതൽ ഉന്നതരായ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലും അന്വേഷണസംഘം കോടതിയിൽ നടത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ ശരിവെച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. വരും ദിവസങ്ങളിലും കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.