സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്. നാളെ സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. എന്നാൽ മറ്റന്നാൾ (വ്യാഴാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധന വിലക്ക് ഇന്നും തുടരും. ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിർദ്ദേശിച്ചു.