സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ വൻ അഴിമതി ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭാനടപടികൾ തടസ്സപ്പെടുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ടി. സിദ്ദിഖ് എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ബജറ്റ് ചർച്ച തുടരുന്നതിനാൽ ഈ വിഷയം ബജറ്റ് ചർച്ചാ വേളയിൽ ഉന്നയിക്കാമെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. എന്നാൽ ഇതിൽ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
നിലവിൽ 251 ശതമാനമുള്ള മദ്യനികുതിയിൽ വരുത്തിയ ഇളവ് കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ മദ്യക്കമ്പനിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നികുതിയിളവിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും 'കർണാടക ലോബി' ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. കോൺഗ്രസ് നേതാവ് വി.എം സുധീരൻ ഉൾപ്പെടെയുള്ളവരും ഈ നടപടിക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സഭാനടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് സ്പീക്കർ ശ്രമിച്ചത്.