Share this Article
News Malayalam 24x7
കാഫിര്‍ സ്ക്രീൻഷോട്ട് നിർമ്മിച്ചതിൽ ജിതിന് നേരിട്ട് പങ്കുണ്ടെന്ന് SIT
 Jithin Bhaskar

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വ്യാജ 'കാഫിർ' സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിതിൻ ഭാസ്കറിന്റെ ജാമ്യഹർജിയിൽ കോടതി ഇന്ന് വിധി പറയും. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജിയിൽ വിധി പ്രസ്താവിക്കുന്നത്.

കേസിൽ ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷനും പ്രത്യേക അന്വേഷണ സംഘവും (SIT) ശക്തമായി എതിർത്തു. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതിലും അത് പ്രചരിപ്പിച്ചതിലും ജിതിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. ഇത് വ്യാജമാണെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ജിതിൻ ഇത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. ചില ഉന്നത നേതാക്കളുടെ അറിവോടെയാണ് ജിതിൻ ഈ പ്രവർത്തി ചെയ്തതെന്നും ഇതിന് പിന്നിൽ മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.


അതേസമയം, കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. സിപിഐഎമ്മിനെയും എൽഡിഎഫിനെയും ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ എതിർകക്ഷികൾ നടത്തുന്ന രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ഈ അറസ്റ്റെന്ന് ജിതിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.


ഇരുവിഭാഗത്തിന്റെയും വിശദമായ വാദങ്ങൾ ഇന്നലെ കോടതിയിൽ പൂർത്തിയായിരുന്നു. തുടർന്ന് കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കോടതി ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories