Share this Article
News Malayalam 24x7
എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത
ADGP MR Ajith Kumar

ആലപ്പുഴയിൽ നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ (ഗൺമാൻമാർ) മർദ്ദിച്ച കേസിൽ വൻ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ഇതേത്തുടർന്ന് ക്രൈംബ്രാഞ്ച് എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഡിജിപി തലത്തിൽ ഉന്നത അന്വേഷണത്തിന് സാധ്യതയേറി.

കേസ് അന്വേഷണത്തിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നതായി ചൂണ്ടിക്കാട്ടി എസ്.ഐ.ടി തലവൻ എസ്.പി ഷൗക്കത്ത് അലി സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിപുലമായ തെളിവുകളും സംശയങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തുടർനടപടികൾ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പും സർക്കാരും ഉടൻ തന്നെ നിർണായക തീരുമാനമെടുക്കുമെന്നാണ് സൂചന.


നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ ശ്രമം നടന്നതായാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. മുൻപ് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താൻ സമ്മർദ്ദം ചെലുത്തിയതായി മുൻ അന്വേഷണസംഘം എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ട്.


എഡിജിപിയുടെ പൂർണ്ണ അറിവോടെയും നിർദ്ദേശപ്രകാരവും ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് കേസ് രേഖകളിൽ കൃത്രിമം കാണിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ബോധപൂർവമായ ശ്രമം നടന്നുവെന്ന കണ്ടെത്തൽ സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories