തിരുവനന്തപുരം: ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്,55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി ജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ്. മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ് എന്നും വാർത്താക്കുറിപ്പിൽ. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയന്റെ ഓഫീസ്.
സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളെ പ്രശംസിച്ചും ഇന്നസെൻ്റിൻ്റെ നിര്യാണവേളയിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തുവെന്ന് പറഞ്ഞുകൊണ്ടുള്ള കാര്യങ്ങളെ വിമർശിച്ചുമായിരുന്നു മേജർ രവിയെ പ്രതികരണം.രണ്ട് മുഖ്യമന്ത്രിമാർ തമ്മിലുള്ള വ്യത്യാസമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് മേജർ രവി ചൂണ്ടിക്കാട്ടി. "ഒന്ന് കാരണഭൂതൻ എന്ന പാട്ടും പാടിച്ച്, ഞാനാണ് വലുതെന്ന ചിന്തയിൽ നടക്കുന്നൊരു മുൻ മുഖ്യമന്ത്രി. മുൻപ് നടൻ ഇന്നസെൻ്റ് മരിച്ച സമയത്ത് ഇദ്ദേഹം 56 വണ്ടിയും, 560 പൊലീസും, 10 ഫയർ ഫോഴ്സുമായിട്ടാണ് ആ ഇടവഴിയിലൂടെ പോയത്, എന്നായിരുന്നു മേജർ രവിയുടെ പ്രതികരണം.ഒരു പൊങ്ങച്ചവുമില്ലാതെ വെറുമൊരു വണ്ടിയുമായി വന്ന് സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത വി.ഡി. സതീശൻ്റെ രീതി മാതൃകാപരമാണെന്ന് മേജർ രവി പ്രശംസിച്ചു. സലിം കുമാറിൻ്റെ വീട്ടിൽ വെച്ച് തനിക്ക് ഷോൾ ഇടാൻ വന്നയാളെ തടഞ്ഞതും, ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ടിറങ്ങിയതും എല്ലാം വി.ഡി. സതീശൻ്റെ നല്ല സ്വഭാവത്തിൻ്റെ തെളിവാണ് എന്നും മേജർ രവി പുകഴ്ത്തിയിരുന്നു.