ശബരിമല സ്വർണക്കവർച്ചാ കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് സന്നിധാനത്ത് വീണ്ടും പരിശോധന നടത്തും. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ പ്രഭാമണ്ഡലത്തിൽ നിന്നും കട്ടിളപ്പാളിയുടെ താഴെ ഭാഗത്തുനിന്നുമാണ് രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുക. സാമ്പിൾ ശേഖരിക്കുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രത്യേക അനുമതി നൽകിയിരുന്നു.
ശ്രീകോവിൽ കട്ടിളപ്പാളികൾക്ക് മുകളിലുള്ള ശിവരൂപവും വ്യാളീരൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വർണം, ദ്വാരപാലക ശിൽപ്പങ്ങളോടൊപ്പം വേർതിരിച്ചെടുത്തെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കട്ടിളപ്പാളികളിൽ ഘടിപ്പിച്ചിട്ടുള്ള ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, രാശി ചിഹ്നം ആലേഖനം ചെയ്ത രണ്ട് പാളികൾ, കട്ടിളപ്പടിക്ക് മുകളിലെ പ്രഭാമണ്ഡല പാളികൾ എന്നിവയടക്കം ആകെ ഏഴ് പാളികളിൽ നിന്നാണ് സ്വർണം കവർന്നിട്ടുള്ളത്.
ഈ പാളികളെല്ലാം ചെന്നൈയിലെ 'സ്മാർട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ എത്തിച്ചാണ് സ്വർണം വേർതിരിച്ചെടുത്തതെന്നും ഇത് കണ്ടെത്തേണ്ടതുണ്ടെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നു. സന്നിധാനത്ത് നിന്ന് ഇന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം കേസിൽ നിർണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.