Share this Article
News Malayalam 24x7
ശബരിമല യുവതീ പ്രവേശനം: തന്നെയും എഡിജിപിയെയും ബോധപൂർവം മാറ്റിനിർത്തി; വെളിപ്പെടുത്തലുമായി എ. പത്മകുമാർ
A Padmakumar

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ രംഗത്ത്. യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്നതിനായി തന്നേയും അന്നത്തെ എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം മാറ്റിനിർത്തുകയായിരുന്നു എന്ന് പത്മകുമാർ വെളിപ്പെടുത്തി. ഒരു സുഹൃത്തിനോട് പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അന്നത്തെ ഭരണനേതൃത്വത്തിലും പാർട്ടിയിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണ് ഇതിന് പിന്നിൽ ചരടുവലിച്ചതെന്ന് പത്മകുമാർ ആരോപിക്കുന്നു. യുവതികൾ ശബരിമലയിൽ പ്രവേശിച്ച ദിവസം, സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ഈ ഉന്നതൻ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ തിരുവനന്തപുരത്ത് എത്തിയ തനിക്ക് ഇയാളെ കാണാൻ അനുമതി നൽകിയില്ല. ഒടുവിൽ തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫീസിലെ മുറിയിലിരുന്ന് ടിവിയിലൂടെയാണ് യുവതികൾ സന്നിധാനത്ത് എത്തിയ വിവരം താൻ അറിഞ്ഞതെന്നും പത്മകുമാർ വ്യക്തമാക്കുന്നു.


ശബരിമലയിലെ സ്വർണ കവർച്ചാ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പത്മകുമാർ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രജിസ്റ്ററിൽ 'ചെമ്പു പാളി' എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നും, ആ രജിസ്റ്ററിൽ ഒപ്പിടാൻ താൻ നിർബന്ധിതനാവുകയായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.


സിപിഐഎമ്മിൽ നിന്ന് തനിക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടായേക്കുമെന്ന സൂചനകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഈ സംഭവങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു ആത്മകഥ എഴുതാൻ പത്മകുമാർ ഒരുങ്ങുന്നതായും വിവരമുണ്ട്. വരും ദിവസങ്ങളിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories