Share this Article
News Malayalam 24x7
‘അദാനിയുടെ ഏജന്റിനെ കണ്ടിട്ടില്ല; മംഗലാപുരത്ത് കണ്ടത് ആര്യാടൻ മുഹമ്മദിന്റെ ബന്ധുവിനെ’;കൂടിക്കാഴ്ചാ വിവാദം തള്ളി മുഖ്യമന്ത്രി; 'ചത്തുകൂടേ എന്നായിരുന്നു പ്രചാരണം; ഇതിന് പിന്നില്‍ ആര്?, ഇതൊന്നും കേരളത്തിന് യോജിച്ചതല്ല'
വെബ് ടീം
1 hours 39 Minutes Ago
1 min read
v d satheeshan

തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ.

നടന്‍ സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ മൊബൈല്‍ കാമറകളുമായി തിക്കും തിരക്കും ഉണ്ടാക്കിയ സംഭവം നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അദ്ദേഹം രോഗബാധിതനായി കിടക്കുമ്പോഴും മരിച്ചു കഴിഞ്ഞിട്ടും വളരെ മോശമായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തി. ആരാണ് ഇതിന്റെ പുറകില്‍? ഇത് നമ്മുടെ കേരളത്തിന് യോജിച്ചതല്ല. കേരളം അത് തിരിച്ചറിയും. ചെയ്യുന്ന ആളുകള്‍ അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.'സലീംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ തിക്കും തിരക്കും ഉണ്ടാക്കിയപ്പോള്‍ ഞാന്‍ തന്നെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു. കാരണം ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കാന്‍ പോലും പൊലീസിന് പറ്റുന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. വല്ലാത്തൊരു സ്ഥിതിയായിരുന്നു. ഞാനാണ് ആദ്യം പ്രതികരിച്ചത്. നിങ്ങള്‍ മാറിനില്‍ക്കണം. കുടുംബത്തിന് കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കണം. അത് മാത്രമല്ലല്ലോ. അദ്ദേഹം രോഗബാധിതനായി കിടക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയൊരു ആക്രമണം ഉണ്ടായി. ചത്തുകൂടേ എന്നാണ് ചോദിച്ചത്. എന്താണ് ആ മനുഷ്യന്‍ ചെയ്ത തെറ്റ്? മരിച്ച് കഴിഞ്ഞിട്ടും വളരെ മോശമായ രീതിയില്‍ സോഷ്യല്‍മീഡിയ പ്രചാരണം നടത്തി. ഇത് നമ്മുടെ കേരളത്തിലാണോ നടക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ഒരു നടനാണ്. മലയാളികളെ ചിരിപ്പിച്ച ഒരു നടനാണ്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരാളെ കുറിച്ച് എന്തും സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്താമോ? ചത്തുകൂടേ എന്നാണ് ചോദിച്ചത്. സുഖമില്ലാതെ ഒരാള്‍ കിടക്കുമ്പോള്‍. ഇതാണോ നമ്മുടെ കേരളം. ആരാണ് ഇതിന്റെ പുറകില്‍?. ഈ കാംപെയ്‌ന്റെ പുറകില്‍?'- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മംഗളൂരു വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം തങ്ങളെ വന്ന് കണ്ട് സംസാരിക്കുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.കോഴിക്കോടും കാസർകോടും വളരെ അടുത്ത കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളവുമായി തലമുറകളായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബമാണതെന്ന വിവരവും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പൂർണ്ണമായി കഴിഞ്ഞ സമയത്ത് താൻ അദാനിയുടെ ആളുകളെ കണ്ടിട്ട് പ്രത്യേകമായി എന്ത് നേടാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി, അടിസ്ഥാനമില്ലാത്ത ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നീക്കങ്ങളെ പരിഹസിച്ചു. ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലും സൗഹൃദ സന്ദർശനങ്ങളിലും അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും, ഇപ്പോൾ പുറത്തുവരുന്ന ഇത്തരം കഥകളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമാണെന്നും വിഡി.സതീശൻ വ്യക്തമാക്കി.

മെഡിസെപ് പദ്ധതിയില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള കരാര്‍ ഉള്‍പ്പെടെ പുനപരിശോധിക്കും. പ്രീബജറ്റ് സമ്മേളനങ്ങളില്‍ വനിതാ, യുവജന സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ധവളപത്രം തയാറാക്കാന്‍ എഐ ഉപയോഗിച്ചുവെന്ന തോമസ് ഐസക്കിന്റെ ആരോപണം തമാശയായാണ് കണക്കാക്കുന്നത്. ധവളപത്രത്തിന് ഉപയോഗിച്ചില്ലെങ്കിലും ഇനിയങ്ങോട്ടുള്ള ഭരണത്തിന് എഐ ഉള്‍പ്പെടെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഐ എമ്മിനെ തോല്‍പിക്കുന്നതിനേക്കാള്‍ അത് അവരെ ബോധ്യപ്പെടുത്താനാണ് പ്രയാസമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 30 മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി ഡീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അന്നത്തെ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉണ്ടായത്. അതു മറയ്ക്കാനാണ് യുഡിഎഫിനെതിരെ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories