Share this Article
News Malayalam 24x7
CMRL - എക്‌സാലോജിക് കേസ്; വീണ ടി നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല
 Veena Vijayan

സി.എം.ആർ.എല്ലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ വീണ വിജയൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു.

നാളെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് വീണയ്ക്ക് നേരത്തെ സമൻസ് അയച്ചിരുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മറ്റൊരു ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നും ആവശ്യമായ രേഖകൾ അഭിഭാഷകർ മുഖേന ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വീണ ഇമെയിലിൽ അറിയിച്ചു. നാളെ രാവിലെ വീണയുടെ അഭിഭാഷകർ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി ആവശ്യപ്പെട്ട രേഖകൾ സമർപ്പിച്ചേക്കുമെന്നാണ് വിവരങ്ങൾ.


എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കേസന്വേഷണം ഇ.ഡി ഊർജിതമാക്കിയതിന് പിന്നാലെയാണ് വീണ വിജയന് സമൻസ് അയച്ചത്. മുൻപ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണ റിപ്പോർട്ടുകളുടെയും കണ്ടെത്തിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. ഇതിനായി വിപുലമായ ഒരു ചോദ്യാവലി തന്നെ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.


യാതൊരു സേവനവും നൽകാതെ സി.എം.ആർ.എൽ എക്സാലോജിക്കിന് മാസപ്പടിയായി വൻ തുക നൽകിയെന്നാണ് ഈ കേസിനാസ്പദമായ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്താ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, കമ്പനിയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എട്ടോളം പേരെ ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ ഇ.ഡി പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വീണ നൽകിയ അവധി അപേക്ഷയിൽ ഇ.ഡി ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെങ്കിലും ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് മറ്റൊരു തീയതി അനുവദിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories