സംസ്ഥാനത്തെ സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ ജൂൺ 15 മുതൽ സർവീസ് ആരംഭിക്കും. തമ്പാനൂരിൽ നിന്നും പെരുമാതുറ വരെയുള്ള പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കാളികളാകും.
തമ്പാനൂരിൽ നിന്നാരംഭിക്കുന്ന ഉദ്ഘാടന യാത്രയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സെക്രട്ടറിയേറ്റ് വരെ ബസിൽ യാത്ര ചെയ്യും. പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന ബസുകളിൽ ‘പ്രിയദർശിനി’ എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്നതായിരിക്കും.
വനിതകൾക്കുള്ള ഈ സൗജന്യ യാത്രാ പദ്ധതി വഴി കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾക്കുള്ള തുക ഓരോ മാസാവസാനവും സർക്കാർ കൈമാറും. പ്രതിവർഷം ഏകദേശം 800 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് ഈ പദ്ധതി വഴി കണക്കാക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നിലവിൽ നൽകുന്ന 1500 കോടി രൂപയുടെ വാർഷിക ധനസഹായത്തിന് പുറമെയാണ് ഈ തുക കൂടി അനുവദിക്കുന്നത്.
സ്ത്രീകളുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കുന്നതിനുമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.