ശബരിമല സ്വർണ്ണപ്പാളി കൈമാറ്റക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുൻ ബോർഡ് അംഗം അജികുമാറിനും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നോട്ടീസ് നൽകി. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
മുൻ ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണ്ണപ്പാളി കൈമാറിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഈ കേസിൽ എത്രയും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മുൻപ് ശബരിമലയിൽ നിന്നും സ്വർണ്ണപ്പാളികൾ ഇളക്കിക്കൊണ്ടുപോകാൻ നീക്കം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ നീക്കങ്ങൾ ഹൈക്കോടതിയുടെ അനുമതിയോടെയല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എസ്. പ്രശാന്ത് അടക്കമുള്ളവരിലേക്ക് ചോദ്യം ചെയ്യൽ നീളുന്നത്.
അതേസമയം, ഹൈക്കോടതി നിർദ്ദേശപ്രകാരം പുതിയ സാമ്പിളുകൾ ശേഖരിക്കുന്നതിനായി എസ്.ഐ.ടി. സംഘം നാളെ ശബരിമല സന്ദർശിക്കും. ഇതിന് ശേഷമായിരിക്കും അടുത്തയാഴ്ച പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക.