Share this Article
News Malayalam 24x7
ഡി.എച്ച്.എസ്സിൽ കസേരക്കളി രണ്ടാം ദിവസവും; ഡോ. കെ ജെ റീന വീണ്ടും ജോലിക്കായി ഡയറക്ടറേറ്റിലേക്ക് എത്തി
Dr. K.J. Reena

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ (ഡി.എച്ച്.എസ്) ഡയറക്ടർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നാടകീയ രംഗങ്ങളും രണ്ടാം ദിവസവും തുടരുന്നു. സ്ഥലംമാറ്റത്തിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും അനുകൂല ഉത്തരവ് നേടിയ മുൻ ഡയറക്ടർ ഡോ. കെ.ജെ. റീന വീണ്ടും ജോലിക്കായി ഡയറക്ടറേറ്റിൽ എത്തിയതോടെയാണ് തർക്കം വീണ്ടും സജീവമായത്.

താൻ ഓഫീസിലെത്തിയത് കോടതി ഉത്തരവുള്ളതുകൊണ്ടാണെന്നും ആരോടും തർക്കിക്കാനോ പിടിവാശി കാണിക്കാനോ താല്പര്യമില്ലെന്നും ഡോ. റീന മാധ്യമങ്ങളോട് പ്രതികരിച്ചു. ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ ഡി.എച്ച്.എസിന്റെ പ്രത്യേക കസേര തന്നെ വേണമെന്നില്ലെന്നും ഓഫീസിലെവിടെയിരുന്നും തനിക്ക് ചെയ്യാനുള്ള ജോലികൾ ചെയ്യുമെന്നും അവർ വ്യക്തമാക്കി.


അതേസമയം, നിലവിൽ താൽക്കാലിക ചുമതലയുള്ള ഡോ. മീനാക്ഷി സീറ്റ് ഒഴിഞ്ഞുനൽകാൻ തയ്യാറായിട്ടില്ല. സർക്കാർ ഉത്തരവ് ഔദ്യോഗികമായി ലഭിച്ചാൽ മാത്രമേ താൻ സ്ഥാനമൊഴിയുകയുള്ളൂ എന്ന നിലപാടിലാണ് ഡോ. മീനാക്ഷി. തർക്കത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പോലീസും സ്ഥലത്തെത്തിയിരുന്നു. ചുമതലയേൽക്കാൻ സാധിക്കാതെ മടങ്ങിയ ഡോ. റീന ഇന്ന് വീണ്ടും ഓഫീസിലെത്തുകയായിരുന്നു. അതിനിടെ, ഡോ. റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിലെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഡി.എച്ച്.എസ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ ഇനി അന്തിമ വ്യക്തത വരിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories